കാഞ്ഞാണി: ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ ഈ വർഷത്തെ കാവടിമഹോത്സവം ഈ മാസം 18 ന് ആഘോഷിക്കുമെന്ന് ശ്രീനാരായണ ഗുപ്തസമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട്, സെക്രട്ടറി രതീഷ് കൂനത്ത്, ട്രഷറർ വേണുഗോപാലൻ ചേർത്തേടത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തോളം കേന്ദ്രങ്ങളിൽ നിന്ന് വർണ്ണ വിസ്മയം തീർക്കുന്ന മനോഹരമായ പൂക്കാവടികളോടെയും പീലി കാവടികളോടേയും കാവടി വരവ് ഉണ്ടാകും. ഒരേ സമയം കണ്ണിനും കാതിനും ഇമ്പം പകരുന്ന നാദസ്വരം, ശിങ്കാരിമേളം ,ബാന്റ് വാദ്യം എന്നിവയോടെ കണ്ണഞ്ചിപ്പിക്കുന്ന തെയ്യം അടക്കമുള്ള നൃത്തനൃത്ത്യങ്ങളും തിമിർത്താടും. രാവിലെ എട്ടോടെ കാവടി വരവ് ആരംഭിക്കും. ഉച്ചക്ക് 2.10 ന് താനാ പാടം യുവശക്തി ഒന്നാമതായി ക്ഷേത്ര മൈതാനത്ത് പ്രവേശിക്കും. പിന്നീട് സമയക്രമം പാലിച്ച് കണ്ടശ്ശാംകടവ് യുവജനവേദി, കാഞ്ഞാണി വടക്ക്, മാമ്പുള്ളിക്കര, കണ്ടശ്ശാംകടവ് ശ്രീനാരായണ ഭക്തസംഘം, മണലൂർ കിഴക്ക്, മണലൂർ പടിഞ്ഞാറ്, പാലാഴിക്കര, കാരമുക്ക് തെക്ക് കര, കാരമുക്ക് വടക്ക് കര എന്നീ ടീമുകൾ പ്രവേശിക്കും. വൈകീട്ട് 6.25 വരെ കാവടികൾ അക്ഷരാത്ഥത്തിൽ വർണ്ണ വിസ്മയം തീർക്കും. 104 വർഷമായി കാവടി മഹോത്സവം ഭംഗിയായി നടത്തിവരാറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. തൈപ്പൂയ്യത്തിന് ശൂലധാരികളായ മുരുക ഭക്തന്മാരുടെ ശൂലം വരവ് ഉണ്ടായിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
next post