ആമ്പല്ലൂർ: ജ്വല്ലറിയിൽ ലോക്കറ്റ് വാങ്ങാനെത്തിയ യുവാക്കൾ 17 മോതിരങ്ങൾ മോഷ്ടിച്ച് കടന്നു. മോഷണദൃശ്യങ്ങൾ നിരീക്ഷണക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആമ്പല്ലൂർ ജയമോഹൻ ജ്വല്ലറിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. 22 ഗ്രാം വരുന്ന മോതിരങ്ങളാണ് നഷ്ടപ്പെട്ടത്. വൈകീട്ട് സ്റ്റോക്കെടുത്തപ്പോൾ സംശയം തോന്നിയ ജീവനക്കാർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരമറിയുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ലോക്കറ്റ് ആവശ്യപ്പെട്ട് ജ്വല്ലറിയിൽ എത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. ആഭരണങ്ങൾ ചെപ്പുകളിലാക്കിയ ട്രേ ജീവനക്കാരൻ യുവാക്കൾക്കു മുന്നിൽ വെച്ചു. ഇതിൽനിന്ന് മോതിരങ്ങളടങ്ങുന്ന ചെപ്പ് യുവാക്കളിലൊരാൾ കൈക്കലാക്കി. യുവാക്കൾ തമിഴ് കലർന്ന മലയാളമാണ് സംസാരിച്ചതെന്ന് ജ്വല്ലറി ജീവനക്കാരൻ പറഞ്ഞു. മോഷണസമയത്ത് ഇയാൾ മാത്രമാണ് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. നിരീക്ഷണക്യാമറാദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതി നൽകിയത്. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു
previous post
next post