News One Thrissur
Updates

പാതിവില തട്ടിപ്പ്: ഗുരുവായൂരില്‍ ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി രവി പനക്കൽ അറസ്റ്റിൽ

ഗുരുവായൂർ: പാതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഗുരുവായൂരില്‍ ഒരാള്‍ അറസ്റ്റില്‍. നാച്വര്‍ എന്‍വയൺമെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി (ന്യൂസ് ഓഫ് ഇന്ത്യ) സെക്രട്ടറി തിരുനെല്ലൂര്‍ സ്വദേശി രവി പനക്കലാണ് (59) അറസ്റ്റിലായത്. പണമടച്ചിട്ടും സ്കൂട്ടർ ലഭിച്ചില്ലെന്ന് കാണിച്ച് ഇരിങ്ങപ്പുറം സ്വദേശി എം. രാഗി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എ.സി.പി ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

സ്‌കൂട്ടറിന്റെ പകുതിവിലയായി 60,000 രൂപയും അനുബന്ധ ചെലവുകള്‍ക്കായി 6000 രൂപയുമാണ് പരാതിക്കാരിയായ രാഗി നല്‍കിയിരുന്നത്. രവി പനക്കല്‍ സെക്രട്ടറിയായ ന്യൂസ് ഓഫ് ഇന്ത്യയുടെ മമ്മിയൂരിലുള്ള ഓഫിസ് മുഖേനയാണ് പണം അടച്ചത്. ഇവിടെ സ്‌കൂട്ടറിനായി പണം അടച്ച 29 പേരില്‍ ഒരാള്‍ക്കു മാത്രമാണ് സ്‌കൂട്ടര്‍ ലഭിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂട്ടറിനു പുറമെ ലാപ്‌ടോപ്പിനും പണം സ്വീകരിച്ചിരുന്നു. പാതിവില തട്ടിപ്പില്‍ അറസ്റ്റിലായ പ്രധാന പ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് രവി പനക്കല്‍ 20 ലക്ഷത്തോളം രൂപ കൈമാറിയ ബാങ്ക് ഇടപാട് രേഖകള്‍ പൊലീസിന് ലഭിച്ചു. അനന്തുകൃഷ്ണന്‍ അറസ്റ്റിലായ ശേഷവും രവി പനക്കല്‍ പലരില്‍നിന്നും പദ്ധതിയുടെ പേരില്‍ പണം സ്വീകരിച്ചതായും കണ്ടെത്തി. ടെമ്പിള്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ജി. അജയ്കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ. ഗിരി, ഗ്രേഡ് എ.എസ്.ഐ കെ. സാജന്‍, സീനിയര്‍ സി.പി.ഒ കെ.എസ്. സുവീഷ്‌കുമാര്‍, സി.പി.ഒ എസ്. റമീസ് എന്നിവരടങ്ങുന്ന സംഘമാണ് രവി പനക്കലിനെ മമ്മിയൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരാതികള്‍ രവിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുന്നതിനാല്‍ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. രവിക്കെതിരെ നേരത്തേ പാവറട്ടി, തൃശൂർ വെസ്റ്റ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. മനുഷ്യാവകാശ സംഘടനയുടെ പേരിൽ കാറിൽ ചുവപ്പ് ബോർഡ് സ്ഥാപിച്ച് സഞ്ചരിച്ചതിന്റെ പേരിൽ മനുഷ്യാവകാശ കമീഷനും നേരത്തേ ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.

Related posts

ശൃംഗപുരം ജിഎൽപിഎസ്ബിഎച്ച് സ്കൂളിൽ വാർഷികാഘോഷവും പ്രീ സ്കൂൾ വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനവും

Sudheer K

പഴുവിലിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം: പാർട്ടി ഓഫീസും വീടും തകർത്തു. പ്രദേശവാസികൾ ഭീതിയിൽ.

Sudheer K

സിനിമാ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിരണ്ടോടി കാടു കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!