തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളെന്ന് പൊലീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്ന വാഗ്ദാനത്തിൽ വീണാണ് പലരും ട്രേഡിങ്സ്ഥാപനമായ ബില്യൻ ബീസിൽ പണം നിക്ഷേപിച്ചത്. 250 കോടി രൂപയാണ് ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ ചേർന്ന് തട്ടിയെടുത്തത് എന്നാണ് പ്രാഥമിക നിഗമനം. കേരളം വിട്ട ഇവരെ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്. നാടുവിട്ടുപോയി കഷ്ടപ്പെട്ട് സമ്പാദിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിച്ചവരെയെല്ലാം ബിബിൻ ബാബുവും ഭാര്യയും സഹോദരനും ചേർന്ന് കെണിയിലാക്കുകയായിരുന്നു. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവച്ചാണ് പ്രതികൾനിക്ഷേപകരെ ആകർഷിച്ചത്.
10ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 50000 നിരക്കിൽ വർഷത്തിൽ ആറു ലക്ഷം രൂപ വരെ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 32 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാലു കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. 1.95കോടിരൂപനഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈംബ്രാഞ്ചിനു കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേരുണ്ടെന്നാണ് സൂചന.