എടമുട്ടം: പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലക്ക് കൊടിയേറി. പട്ടാമ്പി കളരിക്കൽ ഹരിദാസൻ പണിക്കരുടെ നേതൃത്വത്തിൽ കൂത്ത് പണിക്കൻമാർ പാലപ്പെട്ടി കുഞ്ഞമ്പലത്തിന് അരികിലെത്തി കൊട്ടി വിളംബരം ചെയ്തു കൊണ്ട് ക്ഷേത്രമുറ്റത്തെ ആലിൽ കൊടി ഉയൽത്തിയത്. ഉത്സവത്തിൻ്റെ ഭാഗമായി ഏഴുദിവസം നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്ത് അരങ്ങേറും. വൈകീട്ട് കലാപരിപാടികളും ഉണ്ടാകും.
മാർച്ച് 2 ന് രേവതി ദിവസം രാത്രി 8:30ന് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച് പ്രസിദ്ധമായ പറവഴിപാട് ചടങ്ങുകൾ ആരംഭിക്കും. രാത്രി 12 .30 ന് ഭഗവതിയെ കുഞ്ഞമ്പലത്തിലേക്ക് എഴുന്നള്ളിച്ച് പ്രധാന കൂത്തായ രാവണ വധം അരങ്ങേറും.
മാർച്ച് 3 നാണ് അശ്വതി വേലാഘോഷം, വൈകിട്ട് ട്ട് നാലിന് 5 ഗജവീരന്മാരെ അണിനിരത്തിക്കൊണ്ട് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും പാണ്ടിമേളവും നടക്കും. വൈകീട്ട് ദീപാരാധന. തുടർന്ന് വർണ്ണമഴ.
മാർച്ച് 4 ഭരണി ദിവസം രാവിലെ നാലിന് ധീവര സമുദായത്തിന്റെ താലം വരവ്, ഏഴിന് വേട്ടുവ സമുദായത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള താലം വരവ് തുടർന്ന് പറയ,പുലയ സമുദായങ്ങളുടെ കുതിരകളിയും ദാരികനും കാളിയും, ഉച്ചയ്ക്ക് 12 ന് കൂത്തുപണിക്കന്മാർ ക്ഷേത്രത്തിലെത്തി രാമശരം സമർപ്പിക്കുന്നതോടെ അശ്വതി വേലക്ക് സമാപനമാകുമെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് യു.ആർ. രാഗേഷ്, സെക്രട്ടറി സി.എം. മിഥുൻ, ജോ:ട്രഷറർ അനൂപ് തോട്ടാരത്ത്, വൈസ് പ്രസിഡൻ്റ് പ്രതീഷ് ശാർക്കര, ജോ. സെക്രട്ടറി സുമേഷ് പാനാട്ടിൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. തുളസി എന്നിവർ അറിയിച്ചു.