വാടാനപ്പള്ളി: തീരദേശത്തെ പ്രസിദ്ധമായ ഏങ്ങണ്ടിയൂർ ആയിരംകണ്ണി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് പതിനായിരങ്ങളെത്തി. രാവിലെ ശീവേലി നടന്നു. ഉച്ചക്ക് ശേഷം ഉത്സവ നഗരിയിലേക്ക് പൂര പ്രേമികളുടെ വരവായിരുന്നു. വൈകീട്ടോടെ ജനം തിങ്ങി നിറഞ്ഞു. വൈകീട്ട് നടന്ന കൂട്ടി എഴുന്നെള്ളിപ്പിൽ ക്ഷേത്ര കമ്മറ്റിയുടേയും 30 ഉത്സവ കമ്മറ്റിയിൽ നിന്നുമായി 31 ആനകൾ അണിനിരന്നു.ഏങ്ങണ്ടിയൂർ മഹാ വിഷ്ണു ക്ഷേത്ര സന്നിധിയിൽ നിന്നാണ് കൂട്ടി എഴുന്നള്ളിപ്പിനായി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്ര കമ്മറ്റിയുടെ തിരുവമ്പാടി ചന്ദ്രശേഖരൻ എന്ന ആന ഭഗവതിയുടെ തിടമ്പേറി. മണപ്പാട് ഉത്സവകമ്മറ്റിയുടെ ചെർപ്പുളശ്ശേരി രാജശേഖരൻ എന്ന ആന വലത്തും ഓം നമശിവായ ചന്തപ്പടി ഉത്സവകമ്മറ്റിയുടെ പാമ്പാടി രാജൻ എന്ന ആന ഇടത്തും അണിനിരന്നു. ചെറുശ്ശേരി ശ്രീകുമാറിൻ്റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി. കൂട്ടി എഴുന്നള്ളിപ്പിന് തൃപ്രയാർ അനിയൻ മാരാരുടെ പ്രമാണത്തിൽ നൂറോളം വാദ്യകലാകാരന്മാർ ചേർന്ന പാണ്ടി മേളവും ഉണ്ടായി. വിവിധ ഉത്സവ കമ്മറ്റികളിൽ നിന്ന് വാദ്യമേളത്തോടെ കാവടി , തെയ്യം വരവും ഉണ്ടായി. ഉത്സവത്തിന്റെ ഭാഗമായി വർണ്ണ മഴയും നടന്നു.
previous post
next post