ഇരിങ്ങാലക്കുട: ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ ഇരിങ്ങാലക്കുട സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശി കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾഹക്കീം (36) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയാണ് തട്ടിപ്പിനിരയായത്, FUVEPCL 03 എന്ന ആപ്പ് വഴിയാണ് ഒരു മാസം കൊണ്ട് ഒരു കോടി ആറ് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപം നടത്തിയാൽ വൻ തുക ലാഭം വിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ്, സൈബർ പോലീസ് ഇൻസ്പെക്ടർ ഒ വർഗീസ്, അലക്സാണ്ടർ, സൂരജ്, തുടങ്ങിയവരുൾപ്പെട്ട പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.