ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ജേതാവായി.ബാലു, ചെന്താമരാക്ഷൻ, ദേവി എന്നീ ആനകളാണ് മുൻനിരയിൽ ആനയോട്ടത്തിൽ പങ്കെടുത്തത്. ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്കണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് ഓടാൻ തയ്യാറായി നിർത്തിയ ആനകളുടെ അടുത്തേക്ക് ഓടി. മണികൾ ആനകൾക്ക് അണിയിച്ച ശേഷം മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലായി. ക്ഷേത്രഗോപുരത്തിലേക്ക് ആദ്യം ഓടിയെത്തിയ ബാലുവിനെ വിജയിയായതായി പ്രഖ്യാപിച്ചു. ആവേശക്കുതിപ്പിൽ കിഴക്കേഗോപുരം കടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ച ബാലു ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂർത്തിയാക്കി. ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ബാലുവാണ് ഭഗവാന്റെ തങ്കത്തിടമ്പേറ്റുക.