പെരിങ്ങോട്ടുകര: താന്ന്യത്ത് കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ.താന്ന്യം തോട്ടാൻചിറ സ്വദേശി പറമ്പിൽ രഞ്ജിത്ത് എന്ന വഞ്ചി(42) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ പ്രദേശത്തെ ലഹരി വില്പനയുടെ പ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിൽ പിതാവിനെ മർദ്ദിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടികൊണ്ടുപോയ കേസിലെ പ്രതി വിവേകിന്റെ കൂട്ടാളിയാണ് രഞ്ജിത്ത്. തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്തിക്കാട് പോലീസും ഡാൻസാഫ് സംഘവുമാണ് തെരച്ചിൽ നടത്തിയത്.