എടമുട്ടം: ദേശീയ പാത എടമുട്ടത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് അല്ല, അടിപ്പാത തന്നെ വേണം ആവശ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി സേവ് എടമുട്ടം ക്യാമ്പയിൻ’ വീണ്ടും സജീവമാക്കും.ഇതു സംബന്ധിച്ച് ദേശീയ പാത ആക്ഷൻ കമ്മിറ്റിയുടെ അടിയന്തിരയോഗം എടമുട്ടം എസ്എൻഎസ് സമാജം ഹാളിൽ നടത്തി. നൂറോളം മെമ്പർമാർ യോഗത്തിൽ പങ്കെടുത്തു. എടമുട്ടം സെന്ററിൽ ഫുട്ട് ഓവർ ബ്രിഡ്ജല്ല, ശാശ്വത പരിഹാരം അടിപ്പാത തന്നെയെന്ന് തിരിച്ചറിഞ്ഞ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനും,. ഗ്രാമപഞ്ചായത്ത്, എം എൽ എ, എം പി എന്നിവരെകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിപ്പിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ ആയിരകണക്കിന് വിദ്യാർത്ഥികളെയും നൂറുകണക്കിന് കച്ചവടക്കാരെയും നാട്ടുകാരെയും ബാധിക്കുന്ന വിഷയത്തിൽ ദേശീയപാത അധികൃതരുടെ നിലപാടിൽ യോഗം പ്രതിഷേധം രേഖപെടുത്തുകയും ദേശീയപാതയുടെ വർക്ക് എടമുട്ടം സെന്ററിനോട് അടുക്കുന്നതിന് മുമ്പ് തന്നെ തടയുവാനും അതിനുവേണ്ടി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവ് പ്രകാരം സ്റ്റേ ഓർഡർ നിലനിൽക്കുന്ന എടമുട്ടം സെന്റർ അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമര പരിപാടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ശ്രേയസ് രാമചന്ദ്രൻ, കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ, ഷിബു നെടിയിരിപ്പിൽ, അബൂബക്കർ മുത്തൂസ്, രമേഷ് പള്ളത്ത്, സുചിന്ദ് പുല്ലാട്ട്, ഷാജി അശ്വിനിലാബ്, രഞ്ജൻ എരുമതുരുത്തി, ഇക്ബാൽ, ജിതേഷ് കാരയിൽ, അജ്മൽ ശരീഫ്, സുമേഷ് പാനാട്ടിൽ, ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.