അന്തിക്കാട്: സഹപാഠികൾക്ക് കൈത്താങ്ങാകാൻ അന്തിക്കാട് കെ.ജി.എം സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കാശു കുടുക്കകളുമായി അണി നിരന്നു. കുട്ടികളിൽ ദാനശീലം വളർത്തുന്നതിനും വിദ്യാർത്ഥികൾക്കും കുടുംബത്തിനും ആകസ്മികമായി ഉണ്ടാകുന്ന ദുരിതഘട്ടങ്ങളിൽ ഈ പണം ഉപയോഗിച്ച് കൈത്താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. അക്രമത്തിൻ്റെയും ലഹരിയുടെയും ഈ കാലഘട്ടത്തിൽ തൻ്റെ സഹപാഠികളെ ആവശ്യഘട്ടങ്ങളിൽ പ്രിയപ്പെട്ടവരായി ചേർത്തു നിർത്തി വിദ്യാലയത്തിലെ ഓരോ കുട്ടിയും സമൂഹത്തിനു മാതൃകകളായി മാറി.കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ. ഫാ. ഡേവീസ് ചിറമ്മൽ കുട്ടികളിൽ നിന്ന് നന്മചെപ്പ് ഏറ്റുവാങ്ങി യോഗം ഉദ്ഘാടനം ചെയ്തു. വിജയങ്ങൾ പങ്കുവയ്ക്കുന്നവരേക്കാൾ സങ്കടങ്ങൾ പങ്കുവയ്ക്കുന്നവരും ആപത്ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നവരുമാണ് യഥാർത്ഥ കൂട്ടുകാരനെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ സഹപാഠിയുടെ സങ്കടങ്ങൾ ഒപ്പുന്നതിനായി ഒരു കൈതാങ്ങായി മാറിയ അന്തിക്കാട് കെ.ജി.എം എൽ.പി സ്കൂളിലെ കുട്ടികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. തുടർന്ന് സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായ വെള്ളരി പ്രാവിനെ കുട്ടികളും ഫാദറും ചേർന്ന് പറത്തി. വിദ്യാലയത്തിൽ കിഡ്നി സംബന്ധമായ അസുഖമുള്ള വിദ്യാർത്ഥിക്കുള്ള സഹായധനവും ഫാദറിൻ്റെ നേതൃത്വത്തിൽ കൈമാറി. പി.ടി.എ പ്രസിഡൻ്റ് അഖില രാഗേഷ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബി.പി.സി ഉമാദേവി, എം.പി.ടി.എ പ്രസിഡൻ്റ് അജീഷ, പ്രധാനധ്യാപകൻ ജോഷി ഡി കൊള്ളന്നൂർ, പി.ടി.എ വൈസ് പ്രസിഡൻ്റ് അന്തിക്കാട് സതീശൻ, എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ലിയോ, രമ്യ സലീഷ്, ദേവി, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.