വാടാനപ്പള്ളി: ഗണേശമംഗലം സ്വദേശിയായ തിരുവണ്ണാൻപറമ്പിൽ വീട്ടിൽ അജീഷ് (29) നെ ചുറ്റികകൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. മതിലകം സ്വദേശി തപ്പിള്ളി വീട്ടിൽ നസ്മൽ (23) നെയാണ് തൃപ്രയാറിൽ നിന്നും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിലുള്ള വിരോധത്താലാണ് കഴിഞ്ഞ ഓഗസ്റ്റ് 18 നു അജീഷിനെ തടഞ്ഞ് നിർത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാൽ മുട്ടിലും ഇടത് കാൽ മസിലിലും അടിച്ച് പരിക്കേൽപിച്ചത്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ നസ്മൽ തൃപ്രയാർ വന്നതായി രഹസ്യവിവരം ലഭിച്ചത് പ്രകാരമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയതിൽ നസ്മലിനെ റിമാന്റ് ചെയ്തു. നസ്മലിന് 2023 ൽ അടിപിടിക്കേസും, 2024 ൽ കവർച്ചക്കേസും, തട്ടിപ്പുക്കേസും, അടിപിടിക്കേസും അടക്കം 4 കേസുകളുണ്ട്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എട് ഐ ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
previous post