തളിക്കുളം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ വിവിധ പദ്ധതികളിലായി 3.65 കോടി രൂപയുടെ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു. നിലവിൽ ടൂറിസം വകുപ്പിന്റെ 52 ലക്ഷം രൂപയുടെ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികളുടെ പൂർത്തീകരണം അവസാന ഘട്ടത്തിലാണ്. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 84 ലക്ഷം രൂപ ഉപയോഗിച്ച് പാർക്കിലെ കളിയുപകരണങ്ങൾ സ്ഥാപിക്കൽ ടെൻഡർ ഘട്ടത്തിലാണ്. ഏപ്രിൽ അവസാനത്തോടെ കളിയുപകരണങ്ങൾ സ്ഥാപിക്കും. 1.50 കോടി രൂപ സംസ്ഥാന സർക്കാർ 2025-26 ബജറ്റിൽ മുൻഗണന ക്രമത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് പുതിയ സ്വിമ്മിങ് പൂൾ നിർമാണം, ടോയ് ലറ്റ് ബ്ലോക്ക് നിർമാണം, ചുറ്റുമതിൽ നവീകരണം, പ്രധാന കവാട നവീകരണം, ഫിഷ് ടാങ്ക് ആൻഡ് ഫ്ലോർ ടൈൽ നവീകരണം എന്നിവ ചെയ്യുന്നതിനായി ടൂറിസം വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. കൂടാതെ നവ കേരള സദസ്സ് ഫണ്ട് 60 ലക്ഷം രൂപയുടെയും നവീകരണ പ്രവൃത്തികൾ നടക്കും. പാർക്കിലെ നിലവിലെ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം നവീകരിക്കുന്നതിനായി സി.സി. മുകുന്ദൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് 10 ലക്ഷം രൂപയും ഹൈമാസ്റ്റ് ആൻഡ് മിനിമാസ്റ്റ് സ്ഥാപിക്കുന്നതിനായി ഒമ്പത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഫുഡ് സ്ട്രീറ്റ് പദ്ധതി ഏപ്രിൽ ആദ്യ വാരം ആരംഭിക്കും. കടലിൽ കുളിക്കാൻ ഇറങ്ങുന്ന വിനോദ സഞ്ചാരികളുടെ സംരക്ഷണത്തിന് നിലവിൽ നാല് ലൈഫ് ഗാർഡുകളുടെ സേവനം ഉണ്ട്. തിരക്കനുഭവപ്പെടുന്ന ഈ മേഖലയിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ എം.എൽ.എ സർക്കാറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ അധികാര പരിധിയിലാണ് ബീച്ച് പാർക്ക് പ്രവർത്തിക്കുന്നത്. ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിൽ ചെയർമാനായ സി.സി. മുകുന്ദൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേംഭാസ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സി. വിജയ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമമാണ് തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിലേക്ക് സർക്കാർ ഫണ്ടുകൾ ഒരു വർഷത്തിനുള്ളിൽ ലഭിക്കാൻ ഇടയായത്. പദ്ധതികൾ എല്ലാം അഞ്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.