ഇരിങ്ങാലക്കുട: ഗ്യാസ് സിലിൻഡർ ചോർന്ന് ബൈപ്പാസ് റോഡിൽ ചായക്കടയ്ക്ക് തീ പിടിച്ചു. പൂതകുളം ജംഗ്ഷനുസമീപം ബൈപ്പാസ് റോഡിൽ വടക്കുവശത്തെ ഷോപ്പിങ് കോംപ്ലക്‌സിന്റെ താഴത്തെ നിലയിലെ ടി സ്‌പോട്ട് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പെെട്ടന്ന് ആളിപ്പടർന്ന തീയിൽ ഫ്രിഡ്ജ്, കൂളർ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. സമീപത്തെ സ്‌നേഹ സ്റ്റോഴ്‌സിലേക്കും തീ പടർന്നു. ഈ കടയിലും നാശനഷ്ടങ്ങളുണ്ടായി.
ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സേനയുടെ സമയോചിതമായ ഇടപെടൽമൂലം തൊട്ടടുത്തുള്ള പഞ്ചാബ് നാഷണൽ ബാങ്കിലേക്കും മറ്റു കടകളിലേക്കും തീ വ്യാപിക്കുന്നത് തടയാനായി. കടകളിൽ ഉണ്ടായിരുന്ന ആറു ഗ്യാസ് സിലിൻഡറുകൾ അഗ്നി രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ചായക്കടയിലെ ഗ്യാസ് സിലിൻഡറിൽനിന്ന് ഗ്യാസ് ചോർന്നതാണ് അപകടകാരണമെന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാസേനയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.